ജാമിഅഃ നൂരിയ്യഃ അറബിയ്യഃ
51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിന് ഒരുക്കം പൂര്‍ത്തിയായി
പത്ര സമ്മേളനത്തില് ജനറല് സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് സംസാരിക്കുന്നു. |
ദക്ഷിണേന്ത്യയിലെ അത്യുന്നത ഇസ്‌ലാമിക കലാലയവും കേരളത്തിലെ ഇസ്‌ലാമിക പ്രബോധന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രവുമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യ: അറബിയ്യഃയുടെ 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുനബി (സ്വ) മദീനയിലെ മസ്ജിദുന്നബവിയില്‍ സ്ഥാപിച്ച പാഠശാലയുടെ ജ്ഞാന വഴിയിലാണ് 1963 ല്‍ ജാമിഅഃ നൂരിയ്യഃ അറബിയ്യഃ സ്ഥാപിതമായത്. കേരളത്തിലെ അത്യുന്നത മുസ്‌ലിം നേതൃത്വം പടുത്തുയര്‍ത്തുകയും വളര്‍ത്തി കൊണ്ട് വരികയും ചെയ്ത ജാമിഅഃ നൂരിയ്യയുടെ ചരിത്രം കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കൂടി ചരിത്രമാണ്. കേരളത്തിലെ മുസ്‌ലിം നവജാഗരണത്തിന്റെ എല്ലാ മേഖലകളിലും ജാമിഅഃ നൂരിയ്യഃയുടേയും അതിന്റെ സന്തതികളുടേയും സജീവ സാനിധ്യമുണ്ടായിട്ടുണ്ട്. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അടക്കം മുസ്‌ലിം കേരളത്തിന്റെ മത-സാമൂഹിക നേതൃത്വത്തിലുള്ള ഒട്ടേറെ സമുന്നത വ്യക്തിത്വങ്ങള്‍ ജാമിഅയുടെ സന്തതികളായുണ്ട്. 5923 പണ്ഡിതന്‍മാരാണ് ഇതിനകം ജാമിഅഃ നൂരിയ്യയില്‍ നിന്ന് ബിരുദം നേടിയിട്ടുള്ളത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിലും പുരോഗമന പ്രവര്‍ത്തനങ്ങളിലും ജാമിഅയും ഫൈസിമാരും വഹിച്ച പങ്ക് വളരെ വലുതാണ്.
ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് . ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ സ്ഥാപിതമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ പ്രഥമ പദ്ധതിയായ മഹല്ല് ശാക്തീകരണ പരിപാടിയുടെ ഉദ്ഘാടനം 2013 നവംബര്‍ 20ന് തിരുവനന്തപുത്ത് വെച് ബഹു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. ബഹുജനങ്ങളിലേക്ക് വ്യവസ്ഥാപിതമായ ഇസ്‌ലാമിക പഠനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിംഗിന്റെ ഉദ്ഘാടനം 2014 ജനുവരി 4 ശനി വൈകിട്ട് ഏഴ് മണിക്ക് കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി ഡോ. ഫാറൂഖ് അബ്ദുല്ല നിര്‍വ്വഹിക്കും.
ജനുവരി 1, 2, 3, 4, 5 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇരുപത് സെഷനുകളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സ്റ്റുഡന്‍സ് വര്‍ക്ക്‌ഷോപ്പ്, പ്രബോധനം, ആരോഗ്യ-പരിസ്ഥിതി സെമിനാര്‍, അലുംനി മീറ്റ്, പ്രവാസം, അറബിക് കോണ്‍ഫ്രന്‍സ്, നിയമ സമീക്ഷ, ആദര്‍ശം, അനുസ്മരണം, വഖഫ് സെമിനാര്‍ തുടങ്ങിയവയാണ് പ്രധാന സെഷനുകള്‍.
ജനുവരി ഒന്നിന് കാലത്ത് 10 മണിക്ക് ജാമിഅഃ ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ശില്‍പശാലയോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. വൈകീട്ട് 4.30ന് നടക്കുന്ന സര്‍ഘഘോഷം മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, അഡ്വ. എം. ഉമര്‍ എം.എല്‍.എ, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ പ്രസംഗിക്കും. വൈകിട്ട് 6.30ന് നടക്കുന്ന ഹുബ്ബുറസൂല്‍ പരിപാടി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഫൈസി വടക്കുമുറി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ ഖവ്വാലി അവതരിപ്പിക്കും.
ജനുവരി 2ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മുദരിസ് സമ്മേളനം നടക്കും. 4.30ന് നടക്കുന്ന സെഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.അബ്ദുസ്സലാം അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. അലിഗഡ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. സകരിയ്യ കെ.എ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂറിന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
ജനുവരി 3ന് വെള്ളി കാലത്ത് 9.30ന് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബശീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. എം.എം ബഷീര്‍ മുഖ്യാതിഥിയായിരിക്കും.
വൈകിട്ട് മൂന്നര മണിക്ക് സിയാറത്ത് നടക്കും. 3.45ന് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളന പരിപാടിക്ക് ഔദ്യോഗിക തുടക്കമാകും. 4 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. എം.പി അബ്ദുസ്സമദ് സമാദാനി മുഖ്യപ്രഭാഷണം നടത്തും. എം.ഐ ശാനവാസ് എം.പി മുഖ്യാതിഥിയായിരിക്കും. ഹാജി കെ മമ്മദ് ഫൈസി സ്വാഗതമാശംസിക്കും. 6.30 ന് നടക്കുന്ന പ്രബോധനം സെഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
4ന് ശനി 9.30ന് നടക്കുന്ന ആരോഗ്യ-പരിസ്ഥിതി സമ്മേളനം മന്ത്രി ഡോ. എം.കെ മുനീറും ഉച്ചക്ക് 2.30ന് നടക്കുന്ന പ്രവാസം സെഷന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബും ഉദ്ഘാടനം ചെയ്യും. കാലത്ത് 11 മണിക്ക് വേദി രണ്ടില്‍ നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 2 മണിക്ക് നടക്കുന്ന അറബിക് കോണ്‍ഫറന്‍സ് പ്രൊ. ജാഹിര്‍ ഹുസൈന്‍(മദ്രാസ്) ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്ന നിയമ സമീക്ഷ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. 7 മണിക്ക് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന് കീഴില്‍ ആരംഭിക്കുന്ന ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍ കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി ഡോ. ഫാറൂഖ് അബ്ദുല്ല ഉദ്ഘാടനം ചെയ്യും.
5ന് ഞായര്‍ രാവിലെ ഒമ്പതിന് നടക്കുന്ന ആദര്‍ശ-അനുസ്മരണ സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാറും 11.30 വഖഫ് കോണ്‍ഫ്രന്‍സ് നഗര വികസന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയും ഉദ്ഘാനം ചെയ്യും. കാലത്ത് 11 ന് വേദി രണ്ടില്‍ നടക്കുന്ന കന്നട സംഗമം അബ്ദുല്ല ഫൈസി എടപ്പലം ഉദ്ഘാടനം ചെയ്യും
വൈകുന്നേരം നടക്കുന്ന സമാപന-സനദ്ദാന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. പാണക്കട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷ വഹിക്കും. ഡോ. സഊദ് മുഹമ്മദ് അസ്സാതി (സഊദി അറേബ്യ) മുഖ്യാതിഥിയായിരക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നിര്‍വ്വഹിക്കും. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ഇ. അഹമ്മദ് സാഹിബ് മുഖ്യപ്രഭാഷണം നടത്തും. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സംസാരിക്കും.